Friday 20 February 2009

അമ്മയുടെ ചെരുപ്പ്...


ഞാന്‍ അഹമ്മദിനെ പരിചയപെടുന്നത് ഹോട്ടല്‍ സാന്ഡ്സിലെ നൈറ്റ് ക്ലബ്ബില്‍
വച്ചാണ്.ഞാന്‍ ഒറ്റക്കാണ് അന്നൊക്കെ ക്ലബ്ബില്‍ പോയിരുന്നത്, അന്നവിടെ നല്ലൊരു പാട്ടുകാരി ഉണ്ടായിരുന്നു,
മാനസി.. ബംഗാളിയാണ്.. എനിക്ക് വേണ്ടി അവള്‍ വല്ലപ്പോഴുമൊക്കെ പങ്കജിന്റെ ഗസലുകള്‍ പാടിതന്നു...കൂടുതല്‍ പാടണമെങ്കില്‍, പൈസ കൊടുക്കണം,
അന്ന് ഞാനൊരു ദരിദ്രനയിരുന്നു ,ശരിക്കും.

അങ്ങനെ ഒരു രാത്രി ഞാനവനെ കണ്ടു... നല്ല ഒത്ത പൊക്കവും തടിയുമുള്ള
ഒരറബി..ശരിക്കും അവനെന്റെ അടുക്കലെക്കയിരുന്നു വന്നത് ,"അവളെന്തിനാണ് നിന്നെ
നോക്കി ചിരിക്കുന്നത്? " .ചോദ്യം,മാനസിയെ കുറിച്ചാണ്, അവളപ്പോള്‍
പങ്കജിന്റെ 'ഇന്നു ഞാന്‍ നിന്നെ ചുംബിക്കയില്ല, പകരം നിന്നെ സൃഷ്‌ടിച്ച
ദൈവത്തിന്റെ കൈകളില്‍ ചുംബിക്കും..' എന്ന് തുടങ്ങുന്ന ഗസലയിരുന്നു
പാടിക്കൊണ്ടിരുന്നത്‌ ഞാനവനോട് പറഞ്ഞു,
"എനിക്കറിയില്ല സുഹൃത്തേ.. "
"നിനക്കറിയാമോ, അവളെന്റെ പെണ്ണാണ്‌.." അവന്റെ മുഖം
വല്ലാതെ ചുവന്നിരുന്നു... "അങ്ങനെയെങ്കില്‍ ശരിക്കും അവള്‍ നിന്നെ
പറ്റിയാണ് പാടുന്നത്.." ഞാനങ്ങനെ പറഞ്ഞപ്പോള്‍ അവന്‍ പതിയെ
ചിരിച്ചുകൊണ്ട് അതിന്റെ അര്ത്ഥം ചോദിച്ചു .ഞാന്‍ പറഞ്ഞു തീരുന്നതിനു
മുമ്പേ അവനെന്റെ കൈകളില്‍ പതിയ ഉമ്മ വച്ചു..
പിന്നെ അവന്‍ ഒരുപാടു പൈസ കൊടുത്തു ഒരുപാടു ഗസലുകള്‍ പാടിപ്പിച്ചു...
അന്നത്തെ എന്റെ ബില്ലും അവന്‍ തന്നെ കൊടുത്തു..
"ഇവിടെയിരുന്നാല്‍ രാത്രിയെ മുഴുവന്‍ നമ്മള്‍ മിസ് ചെയ്യും".
അവന്റെ കൂടെ ചെല്ലാനെന്നെ ക്ഷണിച്ചു.. അടുത്ത ദിവസത്തെ ജോലിയെ
പറഞ്ഞു ഞാനത് നിരസിച്ചു.. വേറൊരു ദിവസം പ്രോമിസ് ചെയ്തു
അവനിറങ്ങി പോയി..


അഹമ്മദ് ശരിക്കും ഒമാനിയാണ്‌, ഇവിടെയേതോ ഷേക്കിന്റെ പാലസില്‍
ജോലിയാണ്.


പിന്നെ എത്രയോ രാത്രികള്‍...ഗസലുകളും, മദ്യവുമോക്കെയായി..
ചിലപ്പോള്‍ മരുഭൂമിയിലെ ഏതെങ്കിലും താവളങ്ങളില്‍, അല്ലെങ്കില്‍
നഗരത്തിലെ നൈറ്റ് ക്ലബ്ബ്കളില്‍...





ഒരു വെള്ളിയാഴ്ച.. സാധാരണ വെള്ളിയാഴ്ചകളില്‍ ഞാനെഴുന്നെല്‍ക്കുമ്പോള്‍,
നേരം പതിനൊന്നു മണിയാവും.. അന്ന് ഫോണ്‍ റിങ്ങ് ചെയ്യുന്നു,,

അഹമ്മദ് ..."വേഗം താഴേക്ക്‌ വരൂ, നമുക്കൊരിടം വരെ പോണം",
ഞാന്‍ വിന്‍ഡോ കര്‍ട്ടന്‍ മാറ്റി നോക്കി,താഴെ അവന്റെ വലിയ വണ്ടി...
കിടക്കുന്നതു കാണാം.. "ഞാന്‍ ബ്രഷ് ചെയ്തിട്ടില്ല, ബാത്‌റൂമില്‍ പോണം"
ഞാന്‍ പറഞ്ഞു, "പത്തു മിനിട്ട്"... അഞ്ചു മിനിട്ട് കഴിഞ്ഞില്ല അവന്‍ ഹോണടിച്ചു തുടങ്ങി..
അവന്റെ ക്ഷമയില്ലയ്മയെ പ്രാകി ക്കൊണ്ട് വേഗം ഞാന്‍ പുറത്തു ചാടി. "എവിടെക്കാ?"
"ആദ്യം പള്ളിയില്‍, പിന്നെ ബാക്കി.." അവന്റെ നിസ്കാരം കഴിയുന്നത്‌ കാത്തു ഞാന്‍ വണ്ടിയിലിരുന്നു.. തിരകെ വന്നവന്‍ ഒന്നും മിണ്ടാതെ വണ്ടിയെടുത്തു.
എന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാതെ ... ട്രാഫിക് ബോര്‍ഡുകളില്‍
നിന്നും മനസിലായി അലൈനിലെക്കാന്...അവന്റെ ഷേക്കിനു അവിടെ തോട്ടങ്ങളും മറ്റുമുണ്ട്.. അവന്‍.. സ്ടീരിയോയിലെ പാട്ടും കേട്ടു,
കൂടെ പാടി... ഞാന്‍ പതിയെ ശബ്ദം കുറച്ചു, ഫോണെടുത്തു
വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങി.. കഴിഞ്ഞ ആഴ്ചയും വിളിച്ചില്ല,
അമ്മച്ചിയുടെ സ്വരത്തിന് ഒരു വ്യത്യാസം പോലെ ,കോള്‍ഡ്
ആണെന്നും പറഞ്ഞു...'നിനക്കു സുഖമാണോ'? അമ്മച്ചിയുടെ
ചോദ്യം കെട്ടപ്പോള്‍ കണ്ണ് നിറഞ്ഞു... ഫോണ്‍ വച്ചതിനു ശേഷം, അഹമ്മദിന്റെ
അമ്മയെ ക്കുറിച്ച് ഞാന്‍ ചോദിച്ചു..
"എനിക്ക് അമ്മയില്ല.. അമ്മയെ ഞാന്‍ കണ്ടിട്ടില്ല.."

അത് പറഞ്ഞപ്പോള്‍, അവന്റെ സ്വരം ഇടരിയിരുന്നോ? ആര്‍ക്കാണ്
അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍, മനസിടരാത്തത്?
തീരെ ചെറുപ്പത്തിലെ അവന്റെ ഉമ്മി മരിച്ചു പോയെന്നും,
അവനിഷ്ടമില്ലാത്ത ഒരു സ്ത്രീയെ അച്ഛന്‍ കല്യാണം കഴിച്ചെന്നും
അവന്‍ പറഞ്ഞു... ഫോണില്‍ അമ്മച്ചിയുടെ ഫോട്ടോ ഉണ്ടോയന്നവന്‍ ചോദിച്ചു...
എന്റെ കയ്യില്‍ പോലും അമ്മച്ചിയുടെ ഫോട്ടോ യില്ലായിരുന്നു..
എവിടെയോ ചെറിയൊരു സങ്കടം തോന്നി.. ഉമ്മിയുടെ ഒരു ഫോട്ടോ പോലും
ഇല്ലെന്നും അവന്‍ ...ശരിക്കും അവന്റെ കണ്ണ് നിറഞ്ഞിരുന്നു..
"സാരമില്ല ചിലര്‍ക്ക് ചില ഭാഗ്യങ്ങള്‍ കിട്ടില്ല.."
ഞാനവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു... "അമ്മയില്ലാതവര്‍ക്ക് വേറെ എന്ത് ഭാഗ്യമാനുള്ളത്?"
അവന്റെ ചോദ്യതിനെനിക്ക് മറുപടി ഇല്ലായിരുന്നു.. അവന്‍ വല്ലാതെ കരഞ്ഞു..
വണ്ടി റോഡരുകില്‍ ഒതുക്കി നിറുത്തി സ്ടിയരിങ്ങില്‍ തല ചായ്ച്ചു ഒരു കൊച്ചു
കുഞ്ഞിനെ പോലെ... ഒരു കരച്ചില്‍ എന്റെ ഉള്ളിലും ഉടക്കി കിടന്നു.. കരച്ചിലടക്കി
ഡാഷ് ബോര്‍ഡില്‍ നിന്നും ചന്ദനം കൊണ്ടുണ്ടാക്കിയ ഒരു പെട്ടിയെടുത്ത്
എനിക്ക് നേരെ നീട്ടി ... "എന്റെ ഉമ്മിയുടെതാണ്..." ഞാനത് തുറന്നു നോക്കി.
പഴയൊരു ലതെര്‍ ചെറുപ്പ്...
അവനതെടുത് കണ്ണുകളില്‍ വച്ചു.. നിറയെ ഉമ്മ വച്ചു...



ഇപ്പോള്‍ അഹമദ് എവിടെയെന്നു എനിക്കറിയില്ല, പക്ഷെ ഇപ്പോളും
"സുഖമാണോ നിനക്കു "? എന്ന് അമ്മച്ചിയുടെ ചോദ്യം കേള്‍ക്കുമ്പോള്‍
എന്റെ കണ്ണ് നനയും.. കഴിഞ്ഞ അവധിക്കു വീട്ടിലെത്തിയപ്പോള്‍ അമ്മച്ചിയുടെ
വീട്ടിലിടുന്ന റബ്ബര്‍ ചെരുപ്പ് കണ്ടപ്പോള്‍ അഹമ്മദിനെ ഓര്‍ത്ത് എന്റെ കണ്ണ് നനഞ്ഞു...





3 comments:

  1. ഒരു ബ്ലോഗ് എങ്ങനെയിരിക്കണമെന്നും അതിലെന്തൊക്കെ പറയാമെന്നും നമ്മെ ചിന്തിപ്പിക്കുന്ന മനോഹരമായ ഒരു നിര്‍മ്മിതി. ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളിലും മനസ്സില്‍ സൂക്ഷിക്കുന്ന ആര്‍ദ്രമധുരമായ - നാട്ടിലെ കുഗ്രാമം വരെ നീളുന്ന ഓര്‍മ്മകളുടെ ചെപ്പ് ഇനിയും തുറക്കപ്പെടട്ടെ. സാലസ് എന്ന ഈ കൊച്ചു ബ്ലോഗ് മാന്ത്രികന് അഭിനന്ദനങ്ങള്‍.........!

    ReplyDelete
  2. അമ്മയില്ലാത്തവര്‍ക്ക് വേറെ എന്ത് ഭാഗ്യം? ആ ചോദ്യം എന്നെയും കരയിച്ചു വല്ലാതെ...ചുറ്റും ആരും ഇല്ലാതിരുന്നതിനാല്‍ കുറെ കാലം അടക്കി പിടിച്ച കരച്ചില്‍ നന്നായി പെയ്തു... അമ്മക്കായി ചെയ്യാവുന്നതെല്ലാം ചെയ്യുക... അമ്മ നഷ്ടമായിട്ടധികം ആകാത്ത ഒരുവളുടെ അഭിപ്രായം... പിന്നെ അഹമദ് എങ്ങോട്ടാണ് കൊണ്ടുപോയത്‌?

    ReplyDelete
  3. vallathe nomparappeduthhunna postaanu mone..paavam ahammathu...jeevithathhil kandittillaathha...ammayude novikkunna ormmakalumaayi...avanu vilamathikkaan kazhiyaathha nidhiyaanaa cherippu..kannullavarkku kanninte vilayariyilla...athillaathhavarkku....

    ReplyDelete